Categories
General Articles Other Information

Nediyiruppu Musliyarangadi

Nediyiruppu Musliyarangadi, co-operative hospital, co-operative bank, arimbra road, Musliyarangad Malappuram

Musliyarangadi is a small town in Nediyiruppu Grama Panchayath, Malappuram Dist. Highway NH213 touches this place Just 5 km away from Kondotty and near to Morayur (approx. 1KM).

Nediyiruppu Co-Operative Bank is situated in Musliyarangadi and Nediyiruppu Co-operative Hospital also in Musliyarangadi. There is a way to Arimbra Mala from Musliyarangadi through Arimbra-Musliyarangadi Road.

History of Nediyiruppu Panchayat

തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണ് നെടിയിരുപ്പിന്റെ സാമൂഹ്യസാംസ്കാരികചരിത്രം. ദേശീയപ്രസ്ഥാനത്തിലും, സ്വാതന്ത്ര്യസമരത്തിലും ഖിലാഫത്ത് സമരത്തിലും മുസ്ളീം ജനസമൂഹവും മറ്റു മതസ്ഥരും തോളോടു തോള്‍ ചേര്‍ന്ന് ഈ മണ്ണില്‍ പൊരുതിയിട്ടുണ്ട്. “ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോള്‍ അറിയാം” എന്ന് നെടിയിരുപ്പ് കൂടി ഉള്‍പ്പെട്ട ഏറനാട്ടിനെ പറ്റി സി.എച്ച്.മുഹമ്മദ് കോയ പറഞ്ഞത് പ്രസിദ്ധമാണല്ലോ. പൂര്‍വ്വകാലത്ത് നെടിയിരുപ്പ് പ്രദേശം സാമൂതിരി ഭരണത്തിന്റെ കീഴിലായിരുന്നു. ഏറാടി സഹോദരന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായിരുന്ന രായമാനിച്ചനും, വിക്രമനുമായിരുന്നു സാമൂതിരി വംശത്തിന്റെ സ്ഥാപകര്‍. അവസാനത്തെ ചേരമാന്‍ പെരുമാള്‍ ഇസ്ളാംമതം സ്വീകരിച്ച്, മുഹമ്മദ് നബിയുടെ സഹ്വാബിയാകാന്‍ മക്കയിലേക്ക് പുറപ്പെടും മുമ്പ്, സാമന്തന്‍മാര്‍ക്ക് രാജ്യം വീതിച്ചുകൊടുത്തു. അതില്‍ മാനിച്ചനും, വിക്രമനും കിട്ടിയത് കോഴിക്കോടും കല്ലായിയുമായിരുന്നു. ഇവരുടെ യഥാര്‍ത്ഥ നാട് കോട്ടക്കലായിരുന്നുവെങ്കിലും അമ്മനാട് നെടിയിരുപ്പായിരുന്നു. അതുകൊണ്ടാണ് സാമൂതിരിമാരെ നെടിയിരുപ്പ് സ്വരൂപന്‍മാര്‍ എന്നും വിളിച്ചുപോന്നിരുന്നത്. “നെടിയിരുപ്പ്” എന്ന് പേരു വന്നത്, അറക്കല്‍ രാജാവില്‍ നിന്നും സാമൂതിരിക്കു വേണ്ടി കുഞ്ഞാലിമരക്കാര്‍ നേടിയെടുത്തതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രമുഖ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്, മാനവിക്രമ സഹോദരന്മാര്‍ തലമുറകളായി നേടിയെടുത്ത യുദ്ധമുതലുകള്‍ സൂക്ഷിച്ചിരുന്നത് നെടിയിരുപ്പ് ഭണ്ഡാരത്തിലായിരുന്നുവെന്നും, നേടിയെടുത്ത സ്വത്തുക്കള്‍ ഇരുത്തിയതിനെ “നേടിയിരുപ്പ്” എന്ന് വിളിച്ചുവെന്നുമാണ്. പിന്നീടിത് ലോപിച്ച് നെടിയിരുപ്പ് ആയതാണത്രെ. സാമൂതിരിയുടെ ഭണ്ഡാരവും ക്ഷേത്രവും സ്ഥിതി ചെയ്തിരുന്നത് വിരുത്തിയില്‍ പറമ്പിലായിരുന്നു. സാമൂതിരിപ്പാടിന്റെ വലിയ പട്ടാളത്താവളങ്ങള്‍ നെടിയിരുപ്പിലുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെയുണ്ടായിരുന്ന കോട്ടകളില്‍ നായര്‍പടയാളികള്‍ അധിവസിച്ചിരുന്നു. മാമാങ്കം, കോഴിക്കോട്-കൊച്ചി യുദ്ധങ്ങള്‍, വെള്ളുവനാട്ടിരിയുമായി നടന്ന യുദ്ധം മുതലായവയിലെല്ലാം നെടിയിരുപ്പില്‍ നിന്നുള്ള പടയാളികള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

Nediyiruppu Panchayat Mapഇസ്ളാമിന്റെ ആവിര്‍ഭാവ കാലത്തുതന്നെ ഏറനാട്ടില്‍ ഇസ്ളാംമതം പ്രചരിച്ചിട്ടുണ്ട്. ശൈഖ് റമസാന്‍, ശൈഖ് മുഹമ്മദ് ഉസ്മാന്‍ മുതലായ മുസ്ളീം മതപ്രചാരകന്മാര്‍ ഏറനാട്ടിലെത്തി മതപ്രബോധനം നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് നെടിയിരുപ്പിലെ ജനസമൂഹത്തില്‍ ഏറിയ പങ്കും ഇസ്ളാംമതം സ്വീകരിച്ചത്. നെടിയിരുപ്പിലെ പ്രധാനപ്പെട്ട അങ്ങാടിയാണ് “മുസ്ളിയാരങ്ങാടി”. പണ്ടുകാലത്ത് കോട്ടവീരാന്‍ മുസ്ളിയാര്‍ എന്നാരാള്‍ ഇവിടെ ഒരു ചെറുപീടിക തുറന്ന് കാപ്പിക്കടയും, പലചരക്കു വ്യാപാരവും നടത്തിയിരുന്നു. മുസ്ളിയാര്‍ കച്ചവടം ചെയ്യുന്ന അങ്ങാടി ആയതിനാലാണ് “മുസ്ളിയാരങ്ങാടി” എന്ന സ്ഥലനാമം ഉണ്ടായത്. നെടിയിരുപ്പിലെ ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുസ്ളിയാരങ്ങാടി മുന്‍പന്തിയില്‍ നില്‍ക്കുന്നു. നെടിയിരിപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ളിയാരങ്ങാടിയിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രവേലകള്‍ കൊണ്ടും, ഖുര്‍-ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത കൊത്തുവേലകള്‍ കൊണ്ടും അലംകൃതമായ ഈ പള്ളി ഒരു ചരിത്രസ്മാരകം തന്നെയാണ്. ടിപ്പുവിന്റെ ഭരണകാലത്ത് മലഞ്ചരക്ക് വ്യാപാരികളില്‍ നിന്നും, ചുങ്കം ഈടാക്കിയിരുന്നത്, ചിറയില്‍ ചുങ്കത്ത് എന്ന പ്രദേശത്തു വെച്ചായിരുന്നു. അതിനെ തുടര്‍ന്നാണ് ഈ സ്ഥലം ചുങ്കം എന്ന പേരിലറിയപ്പെട്ടത്. ധീരദേശാഭിമാനിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ പ്രവര്‍ത്തനകേന്ദ്രം നെടിയിരുപ്പായിരുന്നു.

ബ്രിട്ടീഷ് വാഴ്ചയുടെ കാലത്ത് മലബാര്‍ കളക്ടറായിരുന്ന, മര്‍ദ്ദകവീരന്‍ ഹിച്ച്കോക്കിന്റെ സ്മാരകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്, അക്കാലത്ത് സംഘടിപ്പിച്ച സമരങ്ങളില്‍ നെടിയിരുപ്പുകാരും മുന്‍പന്തിയിലുണ്ടായിരുന്നു. കോട്ട വീരാന്‍കുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റു മരിച്ച വ്യക്തിയാണ്. ചക്കലകുന്നന്‍ ചേക്കുട്ടി, പാമ്പോടന്‍ ഹൈദ്രു, കെ.എ.മൂസ്സഹാജി, കാവുങ്ങല്‍ കുട്ട്യാന്‍, കെ.ഗോവിന്ദന്‍ നായര്‍, കെ.എന്‍.മുഹമ്മദുകുട്ടി എന്നിവരും പ്രസ്തുത സമരത്തില്‍ പങ്കെടുത്തവരായിരുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രധാനപ്പെട്ടൊരു പഞ്ചായത്താണ് നെടിയിരുപ്പ്. മതസാഹോദര്യത്തിനും കേളികേട്ട നാടാണ് നെടിയിരുപ്പ്. നെടിയിരുപ്പ് പഞ്ചായത്ത് രൂപീകൃതമാവുമ്പോള്‍, നെടിയിരുപ്പ് എന്‍.എച്ച്.കോളനിയിലേക്കുള്ള പഞ്ചായത്തുറോഡ് മാത്രമെ ഉണ്ടായിരുന്നുള്ളു.

സാക്ഷരതാരംഗത്തും നെടിയിരുപ്പ് മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഹരിജന്‍ കോളനികളാണ് നെടിയിരുപ്പ് പഞ്ചായത്തിലെ എന്‍.എച്ച്.കോളനിയും, കോട്ടാശേരി കോളനിയും. നെടിയിരുപ്പിലെ ആത്മീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ അര്‍പ്പണ മനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ചിരുന്ന കര്‍മ്മധീരരായ രണ്ട് പേരാണ് വലിയമൊല്ലാക്ക എന്നപേരില്‍ അറിയപ്പെട്ടിരുന്ന നാനാക്കല്‍ മുഈനുദ്ദീന്‍ മൊല്ലയും, പുത്രന്‍ മുഹമ്മദ് ഷാ മൊല്ലയും. വൈദ്യന്‍, അധ്യാപകന്‍, ബഹുഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഷാ മൊല്ല. 1905-ല്‍ സ്ഥാപിച്ചതാണ് വാക്കത്തൊടി എ.എം.എല്‍.പി സ്ക്കൂള്‍. ആദ്യം മനാതൊടിയിലും, പിന്നീട് പണാര്‍തൊടി, വാക്കതൊടി എന്നീ സ്ഥലങ്ങളിലേക്കും മാറ്റിസ്ഥാപിക്കപ്പെട്ട ഈ സ്ക്കൂള്‍ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക വളര്‍ച്ചയില്‍ അതിപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. എന്‍.എം.ഇ.എ.യുടെ കീഴില്‍ സ്തുത്യര്‍ഹമായരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ക്കൂളാണ്, പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍. മുന്‍കാലങ്ങളില്‍ നികുതി അടക്കാത്ത സ്ഥലം സര്‍ക്കാരില്‍ നിക്ഷിപ്തമാകുമായിരുന്നു.

കോഴിക്കോട് താമസിച്ചിരുന്ന ശ്യംജി സുന്ദര്‍ദാസ് വളരെയധികം ഏക്കര്‍ സ്ഥലം പട്ടികജാതിക്കാര്‍ക്ക് പതിച്ചുകൊടുക്കാന്‍ തയ്യാറായതിന്റെ ഫലമായിട്ടാണ് ഇന്നുകാണുന്ന നെടിയിരുപ്പ് ഹരിജന്‍ കോളനി, കോട്ടാശേരി കോളനി എന്നിവ സ്ഥാപിക്കപ്പെട്ടത്. 1936-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ചാവക്കാട് മജിസ്ട്രേട്ട് ആയിരുന്നത്, നെടിയിരുപ്പ് സ്വദേശിയായ കുന്നുമ്മല്‍ കോഴിപറമ്പില്‍ വീരാന്‍കുട്ടി സാഹിബായിരുന്നു. ഉണ്ണീരി നായര്‍, ഉള്ളാട്ട് കുഞ്ഞിരാമന്‍ നായര്‍, എം.ഡി.ദാമോദരന്‍ മാസ്റ്റര്‍, കലങ്ങോടന്‍ അലവി മാസ്റ്റര്‍, ഞെണ്ടോളി അബ്ദുല്‍ മൊല്ല, ഞെണ്ടോളി മുസ്സക്കോയ മൊല്ല എന്നിവരൊക്കെ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക വികസന മേഖലകളില്‍, നിസ്തുലമായ സംഭാവന നല്‍കിയ വ്യക്തികളാണ്. അവലംബം: www.lsgkerala.in

Nidiyiruppu Panchayat Social History

നെടിയിരിപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ളിയാരങ്ങാടിയിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രവേലകള്‍ കൊണ്ടും, ഖുര്‍-ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത കൊത്തുവേലകള്‍ കൊണ്ടും അലംകൃതമായ ഈ പള്ളി ഒരു ചരിത്രസ്മാരകം തന്നെയാണ്. കൊട്ടുക്കരക്കടുത്തുള്ള പൊയിലിക്കാവ് ക്ഷേത്രവും, എന്‍.എച്ച്.കോളനിക്കടുത്ത തിരുവോണമല ക്ഷേത്രവും പ്രസിദ്ധങ്ങളാണ്. ചിറയില്‍ ചുങ്കത്ത് സ്ഥിതി ചെയ്യുന്ന ജുമാഅത്ത് പള്ളി പുരാതനമായ ഒരു ആരാധനാലയമാണ്. പള്ളിയിലെ കൊത്തുപണികളോടു കൂടിയ മിമ്പര്‍ (പ്രസംഗപീഠം), 250-ല്‍ പരം വര്‍ഷത്തെ പഴക്കമുള്ളതാണെന്ന് അനുമാനിക്കുന്നു. കോടങ്ങാട്, ചോലയില്‍, കാവുങ്ങല്‍, കാളോത്ത് മുതലായ സ്ഥലങ്ങളിലാണ് മറ്റു ജുമാ-അത്ത് പള്ളികളുള്ളത്. നെടിയിരുപ്പില്‍ വിവിധ കാലഘട്ടങ്ങളിലായി അനേകം പ്രതിഭാശാലികള്‍ ജീവിച്ചിരുന്നു. തരുവറ മരക്കാര്‍ മുസ്ളിയാര്‍, തരുവറ മൊയ്തീന്‍കുട്ടി മുസ്ളിയാര്‍ മുതലായവര്‍ അക്കൂട്ടത്തിലെ പ്രമുഖരായിരുന്നു. തരുവറ മൊയ്തീന്‍കുട്ടി മുസ്ളിയാര്‍ ഉന്നതനായ അറബി സാഹിത്യകാരനായിരുന്നു. മരക്കാര്‍ മുസ്ളിയാര്‍ സൂഫിയും, മതപണ്ഡിതനുമായിരുന്നു. മാപ്പിള കലകള്‍ക്കും, സാഹിത്യത്തിനും അദ്ദേഹം കനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കമ്പളത്ത് ഗോവിന്ദന്‍നായര്‍, തെരുവത്ത് കോരുക്കുട്ടി മാസ്റ്റര്‍ തുടങ്ങിയ മഹാരഥന്‍മാരായ മനുഷ്യസ്നേഹികള്‍ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ചോല പരീക്കുട്ടിഹാജി നല്ലൊരു മാപ്പിളകവിയും, മാപ്പിള ക്ളാസിക്കല്‍ സാഹിത്യങ്ങളുടെ ആധികാരിക വക്താവുമായിരുന്നു.

നെടിയിരുപ്പ് സ്വദേശിയായിരുന്ന പൂളക്കല്‍ ഖാദിര്‍ഹാജി, കൊണ്ടോട്ടി തങ്ങന്‍മാര്‍ക്ക് അനുകൂലമായി പാട്ടുരൂപത്തിലുള്ള കത്തുകള്‍ എഴുതി, പരീക്കുട്ടിഹാജിക്ക് അയച്ചു കൊടുക്കുമായിരുന്നത്രെ. അതിനെല്ലാം വശ്യതയാര്‍ന്ന ശൈലിയില്‍ ഹാജി സാഹിബ് മറുപടിയും അയച്ചിരുന്നു. അവയില്‍ പലതും പ്രകാശം കാണാതെ നശിച്ചുപോയി. നെടിയിരുപ്പിലെ പഴയകാല കാവ്യരചയിതാക്കളില്‍ പ്രമുഖസ്ഥാനമാണ് കടായിക്കല്‍ മൊയ്തീന്‍കുട്ടി ഹാജിക്കുള്ളത്. 1968-ല്‍ സ്ഥാപിതമായ മുസ്ളിയാരങ്ങാടിയിലെ ഇര്‍ശാദുല്‍ മുസ്ളീമീന്‍ സംഘം സാമൂഹ്യ സാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. മലയാളം, അറബി, തമിഴ് എന്നീ ഭാഷകളില്‍ പാണ്ഡിത്യമുള്ള കഴിഞ്ഞ തലമുറയിലെ അറിയപ്പെടുന്ന മാപ്പിളകവിയായിരുന്നു മഠത്തില്‍ അബ്ദുല്‍ഖാദര്‍. ആദ്യകാലങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളും ഒത്തുചേര്‍ന്നിട്ടായിരുന്നു കാളപൂട്ട്, ഊര്‍ച്ച എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. അക്കാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമയോടെ തന്നെയായിരുന്നു മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. കോടങ്ങാട് കാളപൂട്ട് കണ്ടം അക്കാലത്തെ പ്രധാന മത്സരവേദിയായിരുന്നു. പട്ടികജാതിക്കാരുടെ ചവിട്ടുകളി അന്നത്തെ കലാരംഗത്തെ പ്രധാന വിഭവമായിരുന്നു.

കമ്പളത്ത് ഗോവിന്ദന്‍ നായര്‍ നാടകരംഗത്തെ പ്രശസ്തവ്യക്തിയായിരുന്നു. കൊണ്ടോട്ടി നേര്‍ച്ച ഒരു സാംസ്കാരിക സമന്വയത്തിന്റെ പ്രതീകമാണ്. മാപ്പിള കലകളില്‍ ഒരു പ്രധാന ഇനമായ അറവാന കളിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍നിന്നു അവാര്‍ഡ് വാങ്ങിയ മര്‍ഹൂം കാട്ടില്‍ പീടികക്കല്‍ അവറാന്‍ മൊല്ലാക്ക നെടിയിരുപ്പ് സ്വദേശിയാണ്. പരിചമുട്ട് കളിയില്‍ കിഴക്കേക്കര കുഞ്ഞപ്പനും, ചവിട്ടുകളിയില്‍ വട്ടിയാര്‍കുന്ന് കോളനിയിലെ ചെറള നീലാണ്ടനും, കീരനും, കോട്ടാശീരിയിലെ വെളുത്തോന്‍ ശങ്കരനും, പെരവനും, ചെറള കുഞ്ഞാത്തനും പ്രശസ്തരും വിദഗ്ധരുമായ കലാകാരന്മാരായിരുന്നു. 1954-ല്‍ സ്ഥാപിച്ചതാണ് മുസ്ലിയാരങ്ങാടിയിലെ പൊതുജനവായനശാല ഗ്രന്ഥാലയം. ഇസ്ലാഹി വായനശാല, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക ഗ്രന്ഥാലയം, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ ലൈബ്രറി ആന്റ് വായനശാല, മൌലാനാ മുഹമ്മദലി ഇസ്ളാമിക് ലൈബ്രറി എന്നിവയാണ് പ്രധാന ഗ്രന്ഥാലയങ്ങള്‍. പതിനൊന്ന് സ്ക്കൂളുകളും, ആറു ക്ഷേത്രങ്ങളും, ഇരുപതോളം പള്ളികളും, അത്രതന്നെ മദ്രസ്സകളും, ഇരുപതില്‍പരം അംഗന്‍വാടികളും നഴ്സറികളും ഈ ഗ്രാമത്തിലുണ്ട്. അവലംബം: www .lsgkerala.in

Musliyarangadi Map

Musliyarangadi Map

Musliyarangadi Town Juma Masjid

Musliyarangadi Town Juma Masjid